Tuesday, January 31, 2012

വിശ്വാസം അതല്ലേ എല്ലാം

ഏതാനം മാസങ്ങള്‍ക്ക് മുന്‍പ്.
പുതിയ മന്ത്രി സഭ അധികാരത്തിലേറിയ സമയം.
കേരളത്തിലെ അറിയപ്പെടുന്ന മദ്യ വ്യവസായിയുടെ ജില്ലയിലെ അറിയപ്പെടുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ ബില്‍ഡിംഗ്‌ ടാക്സ് സംബന്ധിച്ച കേസ്.

ആര്‍. ഡി . ഓ യുടെ അടുത്തും അതിനെതിരെയുള്ള അപ്പീല്‍ സബ് കളക്ടറിന്റെ അടുത്തും ഞാന്‍ തന്നെയാണ് വാദിച്ചത്. ഹോട്ടലിനു അനുകൂലമായി തെളിവുകള്‍ ഒന്നുമില്ലായിരുന്നു.  പ്രതീക്ഷിച്ചത് പോലെ രണ്ടിടത്തും പ്രതികൂല വിധിയുണ്ടായി. ഞാന്‍ വാദിച്ച ഒരു നിയമ പ്രശ്നം (question of law) സബ് കളക്ടര്‍ വിശദമായി ഓര്‍ഡറില്‍ പ്രതിപാദിച്ചത് മാത്രമായിരുന്നു എനിക്ക് ഏക ആശ്വാസം.

സബ് കളക്ടറിന്റെ ഉത്തരവിനെതിരെ കളക്ടറുടെ മുന്‍പില്‍ അപ്പീല്‍.  ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ എ സി കാറില്‍ ഞാനും ഹോട്ടല്‍ മാനേജരും കളക്റ്ററേറ്റില്‍ എത്തി.

കളക്ടര്‍ കണ്‍ഫേര്‍ഡ് ഐ എ എസ്‌കാരനാണ്. ജില്ലയുടെ സാരഥ്യം ഏറ്റെടുത്തിട്ട് കുറച്ചു നാളുകളേ ആയുള്ളൂ. എന്തൊക്കെയായാലും ഞാന്‍ വലിയ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. എന്റെ ആര്ഗുമെന്റിനെതിരെ നില്‍ക്കുന്ന ബില്‍ഡിംഗ്‌ ടാക്സ്  ആക്ടിലെ വ്യവസ്ഥകളെ distinguish ചെയ്യാനായി സുപ്രീം കോടതി വിധികളുടെ വലിയൊരു നിരയുമായാണ് ഞാന്‍ പോയത്.

ഞാനും മാനേജരും അകത്തു കയറി. കളക്ടര്‍ ഫയല്‍ എടുത്തു പരിശോധിച്ചു.

ഹിയറിംഗ് ആരംഭിച്ചു. വലിയൊരു അബ്കാരി ആണ് കക്ഷി എന്ന് മനസ്സിലാക്കി കളക്ടര്‍ ഒന്ന് അയഞ്ഞോട്ടെ എന്ന് വിചാരിച്ചു ഞാന്‍ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ പേര് പറഞ്ഞു കൊണ്ട് ആര്‍ഗുമെന്റ്  തുടങ്ങി. എന്നെ ഞെട്ടിച്ചു കൊണ്ട് കളക്ടര്‍ "അതെവിടെയാ ഈ ഹോട്ടല്‍" എന്ന് തിരിച്ചും.ഞാന്‍ ഒന്ന് ഞെട്ടി. കടുവയെ പിടിച്ച കിടുവയോ? ഞാന്‍ ഹോട്ടലിന്റെ ലൊക്കേഷന്‍ പറഞ്ഞു. ആര്‍ഗുമെന്റിന്റെ കൂടെ ഉടമയുടെ പേര് രണ്ടു മൂന്നു തവണ പറഞ്ഞു. കളക്ടര്‍ മൈന്‍ഡ്  ചെയ്തത് പോലുമില്ല.

എന്നാല്‍ എന്റെ ആര്‍ഗുമെന്റ് പുള്ളി ശ്രദ്ധിച്ചു. ടാക്സ്  പെയ്മെന്റ്  റെസീപ്റ്റ്  നഷ്ടപ്പെട്ടു പോയെങ്കിലും ടി കേസിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒക്കുപന്‍സി സര്‍ട്ടിഫിക്കറ്റ് കണ്‍സിഡര്‍ ചെയ്തു ബില്‍ഡിംഗ്‌ ടാക്സ് എക്സംപ്ഷന്‍ തരാമെന്നു ഞാന്‍ വാദിച്ചു. അത് കളക്ടര്‍ ശ്രദ്ധാപൂര്‍വ്വം കേട്ടു. തുടക്കത്തില്‍ കുറച്ചു കടും പിടുത്തം പിടിച്ചെങ്കിലും പയ്യെപ്പയ്യെ കളക്ടര്‍ ഞാന്‍ പറയുന്നത് ശ്രദ്ധിക്കുന്നു എന്ന് മനസ്സിലാക്കിയ ഞാന്‍ സുപ്രീം കോടതി വിധികളുടെ  കെട്ടു തുറന്നു. മുന്‍പ് ഞാന്‍ ഉന്നയിച്ച നിയമ പ്രശ്നത്തില്‍ കളക്ടര്‍ എനിക്കനുകൂലമായി മാറി.

ഏകദേശം നാല്പത്തഞ്ചു മിനിറ്റു നീണ്ടു നിന്ന വാദത്തിനോടുവില്‍ കളക്ടര്‍ എന്റെ വാദഗതികള്‍ അംഗീകരിച്ചു. തങ്ങളുടെ പക്കലുള്ള ഏതാനം ചില ഡോകുമെന്റുകള്‍ കൂടി ഹാജരാക്കിയാല്‍ അതിന്റെ കൂടി അടിസ്ഥാനത്തില്‍ അപ്പീലില്‍ തീരുമാനമെടുക്കാം എന്ന് പറഞ്ഞു കളക്ടര്‍ ഓര്‍ഡര്‍ റിസേര്‍വ് ചെയ്തു. സന്തോഷത്തോടെ, അതിലേറെ എന്റെ intepretation  of  law അദേഹത്തെ കണ്‍വിന്‍സ്  ചെയ്യാന്‍ പറ്റിയതിന്റെ അഭിമാനത്തോടെ ഞാനും മാനേജരും പുറത്തേക്കിറങ്ങി.

"കളക്ടര്‍ നമുക്കനുകൂലമായി മാറും എന്ന് ഞാന്‍ പ്രതീക്ഷിച്ചതേ ഇല്ല" പുറത്തേക്കിറങ്ങിയ ഞാന്‍ സന്തോഷത്തോടു കൂടെ മാനേജരോട് പറഞ്ഞു.

"എനിക്ക് തോന്നിയിരുന്നു. എം ഡി പറഞ്ഞിട്ട് രാവിലെ മിനിസ്ടര്‍ ___________ കളക്ടറെ വിളിച്ചു പറഞ്ഞിരുന്നതാ നമ്മുടെ കേസിന്റെ കാര്യം. വേണ്ടത് ചെയ്തോളാമെന്നു കളക്ടര്‍ പറഞ്ഞിരുന്നു." നിഷ്കളങ്കമായി മാനേജര്‍ പറഞ്ഞു!!!!!!!!!!!!!


1 comment:

Jaisy Mathew said...

paavam jennise:(