Sunday, February 12, 2012

ഒരു പഞാബിയും നാല് പിച്ചാത്തികളും

പഞ്ചാബ്.. അഞ്ചു നദികളുടെ നാട്. കടുക് പാടങ്ങളുടെയും യാഷ് ചോപ്ര സിനിമയിലെ കജോളിന്റെയും.. പിന്നെ സിമ്രാനും പഞ്ചാബിയാണെന്ന് എവിടെയോ വായിച്ച ഓര്‍മ്മ. ഏതായാലും പഞ്ചാബ് സുന്ദരിയാണ്. നീണ്ട നാളുകളുടെ ആഗ്രഹത്തിനും കാത്തിരിപ്പിനും ശേഷം ഒരു പഞ്ചാബ് യാത്ര.

ഓര്‍മ്മ വച്ച കാലം മുതല്‍ സ്വന്തം എന്ന് പറയാന്‍ ഉണ്ടായിരുന്നത് മടി മാത്രമാണ്. കോളേജില്‍ പഠിക്കാന്‍ തുടങ്ങിയതിനു ശേഷമാണെന്ന് തോന്നുന്നു. അതിന്റെ കൂടെ പിശുക്ക് കൂടി ചേര്‍ന്നത്‌. ഏറെ ഇ മെയിലുകള്‍ക്കും ഫോണ്‍ കോളുകള്‍ക്കും ശേഷം ചേട്ടന്‍  സ്പോണ്സര്‍ ചെയ്തു തന്ന എയര്‍ ടിക്കറ്റുമായി ഡല്‍ഹിയിലേക്കുള്ള യാത്ര. അവിടെ നിന്നും കാര്‍ത്തിക്കും രാജീവും കൂട്ടിന്. കാര്‍ത്തിക്കിനും  രാജീവിനും ഒപ്പം ഡല്‍ഹിയില്‍ നിന്നുള്ള ബസ്‌ യാത്ര അവിസ്മരണീയം എന്നൊന്നും പറഞ്ഞാല്‍ പോര. രാവിലെ മൂന്നു മണിക്ക് ഹരിയാനയിലെ ഏതോ കാട്ടു മുക്കില്‍ ബ്രേക്ക് ഡൌണ്‍ ആയതു മുതല്‍ മൊത്തം മൂന്നു തവണ ബസുകള്‍ ബ്രേക്ക് ഡൌണ്‍ ആയി. പാതി രാത്രി മുതല്‍ ഉറങ്ങാതെ ബസുകള്‍ മാറിക്കയറി ഉണങ്ങി വരണ്ട കടുക് പാടങ്ങളുടെ സൌന്ദര്യം ആസ്വദിച്ചു അമൃത് സര്‍ എന്ന നഗരത്തിലേക്ക് എത്തിയതിനെ വിളിക്കാന്‍ മറ്റെന്തെങ്കിലും പേര് കണ്ടു പിടിക്കെണ്ടിയിരിക്കുന്നു. പഞ്ചാബ് ട്രാന്‍സ്പോര്‍ട്ടിന്റെ വീഡിയോകോച് വണ്ടിയിലെ പഞാബി കോമഡി ഷോ കണ്ടു യാത്ര ചെയ്തപ്പോള്‍ കെ എസ് ആര്‍ ടി സി ബസുകളെ മനസ്സില്‍ തൊഴുകയായിരുന്നു

പഞ്ചാബില്‍ നിന്നും നാട്ടിലേക്ക് കൊണ്ട് പോകാന്‍ ഫ്രീ ആയി എന്തെങ്കിലും കിട്ടുമോ എന്നാലോചിച്ചു നില്‍ക്കുമ്പോളാണ് സുവര്‍ണ ക്ഷേത്രത്തിന്റെ മുന്‍പിലെ കടയിലെ വില വിവര പട്ടിക കണ്ണില്‍ പെട്ടത്. പഞാബികള്‍ ക്രിപാണ്‍ എന്ന് പറയുന്ന നല്ല ഒന്നാന്തരം ഡിസൈനര്‍ കഠാരകള്‍ക്ക് വില തുടങ്ങുന്നത് നൂറു രൂപയില്‍ നിന്ന്!! പാലായിലെ ആസ്ഥാന ചട്ടമ്പിയായ കുഴിക്കാട്ടില്‍ ജോണി ചേട്ടന്റെ അരയില്‍  കാണുന്ന പോലത്തെ തന്നെ. പിന്നെ ഇത് പോലെ ഒരെണ്ണം കണ്ടിട്ടുള്ളത് ബാബാ സിനിമയില്‍ രജനി കാന്തിന്റെ കയ്യിലാണ്. ഫോര്‍ട്ട്‌ കൊച്ചിയില്‍ ചെന്നാല്‍ ഇതേ സാധനത്തിനു വില ആയിരത്തിനു മുകളിലേക്കാകും. ആര്‍ക്കെങ്കിലും കൊണ്ട് കൊടുത്താല്‍ വലിയ വില പിടിപ്പുള്ളതാനെന്നു തോന്നുകയും ചെയ്യും. വെല്യ കാശ് നഷ്ടമൊന്നുമില്ല താനും.  മോനെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി.
 നൂറ്റി ഇരുപതു രൂപാ വീതം എണ്ണി കൊടുത്തു കാണാന്‍ നല്ല ലുക്ക്‌ ഉള്ള നാല് ക്രിപാണ്‍ വാങ്ങി.  പഞാബില്‍ നിന്നും ഒന്നും കൊണ്ട് വന്നില്ലെന്ന് ആരും പറയരുതല്ലോ. ഇതാകുമ്പോള്‍ വലിയ നഷ്ടവുമില്ല. ജാലിയന്‍ വാലാ ബാഗും വാഗാ ബോര്‍ഡറും  ഉള്‍പ്പടെ പഞ്ചാബ്‌ ട്രിപും ഡല്‍ഹി ട്രിപും അടിപൊളിയായി നീങ്ങി.

തിരിച്ചു വരുന്ന ദിവസം. ടെര്‍മിനല്‍ മൂന്നില്‍ നിന്നും 12 മണിക്കാണ് ഫ്ലൈറ്റ്. പതിനൊന്നു മണിക്കെങ്കിലും അവിടെ എത്തിയെ തീരൂ.
നോയിഡ സെക്ടര്‍ പതിനെട്ടില്‍ നിന്നും രാവിലെ മെട്രോയില്‍ കയറി മയൂര്‍ വിഹാറില്‍ ഇറങ്ങി കാര്‍ത്തികിന് അവന്റെ മെട്രോ പാസ്‌ തിരിച്ചു കൊടുത്തു  ന്യൂ ഡല്‍ഹി സ്റെഷനിലെതുമ്പോള്‍ സമയം പത്തു മണി.


ന്യൂ ഡല്‍ഹി സ്റെഷനില്‍ നിന്നും എയര്‍പോര്‍ട്ടിലെത്താനുള്ള എയര്‍പോര്‍ട്ട് എക്സ്പ്രസ്സ്‌ ലൈന്‍ മെട്രോയിലേക്ക്  കയറുമ്പോളാണ് പ്രശ്നങ്ങളുടെ തുടക്കം. സ്കാനറില്‍ കൂടി ഇറങ്ങി വന്ന ബാഗ്‌ എടുക്കാന്‍ ചെന്ന എന്നെ തടഞ്ഞു കൊണ്ട് സ്കാനറിന്റെ സ്ക്രീനില്‍ നോക്കിയിരുന്ന എ കെ 47  പിടിച്ച പട്ടാളക്കാരന്‍ ഹിന്ദിയില്‍ ചോദിച്ചു. "ഇതനാ മോട്ടാ പെന്‍ കഹാം ലെ ജാ രേഹോ ഹോ"?
പേനയും പിച്ചാത്തിയും  തിരിച്ചറിയാന്‍ പാടില്ലാത്ത തന്നെ ആരാ പട്ടാളതിലെടുത്തത് എന്ന് മനസ്സില്‍ ചോദിച്ചു കൊണ്ട് ഞാന്‍ അടുത്തേക്ക്   ചെന്നു. പൊന്നു  പട്ടാളക്കാരാ അത് പേനയല്ല, നല്ല ഒന്നാന്തരം കത്തിയാ എന്ന് പറഞ്ഞു കൊണ്ട് ബാഗ്‌ തുറന്നു നാല് പിച്ചാത്തിയും എടുത്തു മുന്പിലേക്കിട്ടു. പട്ടാളക്കാരന് പറ്റിയ മണ്ടത്തരം ഓര്‍ത്തു ചെറിയൊരു ചിരിയും എന്റെ മുഖത്തുണ്ടായിരുന്നു.
പട്ടാളക്കാരുടെ കഴിവ് അന്നാണെനിക്ക്‌ മനസ്സിലായത്. കത്തിയുടെ പാക്കറ്റ് തുറന്ന് ഒരു സെക്കന്റ്‌ എടുത്തില്ല,  മുന്‍പില്‍ ഇരുന്ന പട്ടാളക്കാരന്‍ എ കെ 47  പിടിച്ചു ചാടി എഴുന്നേറ്റു. അതും പോരാതെ എവിടുന്നെന്നറിയില്ല,  പേരറിയാത്ത തോക്കുകളുമായി നാല് പട്ടാളക്കാര്‍ എന്റെ ചുറ്റിനും നിരന്നു. ആ കൂട്ടത്തിലെങ്ങും ചന്ദ്രനില്‍ പോയാലും കാണുമെന്നു പറയുന്ന ഒരു മലയാളി പോലുമില്ല.

 "ആപ് കഹാം ജാ രെഹെ  ഹോ"? താങ്കള്‍ എങ്ങോട്ടാ?
"എയര്‍പോര്‍ട്ട്. ഞാന്‍ കേരളത്തിലേക്കു പോവ്വാ. പന്ത്രണ്ടു മണിക്ക് എന്റെ ഫ്ലൈറ്റ് പോകും."
"ഈ കത്തികള്‍?"
"ഞങ്ങളുടെ നാട്ടില്‍ മലപ്പുറം കത്തി മാത്രമേയുള്ളൂ. പഞ്ചാബ്‌ കത്തികള്‍ എല്ലാവരെയും ഒന്ന് കാണിക്കാം എന്ന് കരുതി"

"ക്യാ?"
"അതായത് ഞാന്‍ ഇവിടെ ടൂറിനു വന്നതാ. ഇത് ഞാന്‍ തിരിച്ചു പോകുമ്പോള്‍ കൊണ്ട് പോകാനായി വാങ്ങിയതാ."
"നാലെണ്ണമോ?"
പുവര്‍ പട്ടാളക്കാരന്‍. മലയാളികളെ തീരെ പിടിയില്ല. വില കുറച്ചു കിട്ടിയാല്‍ ഞങ്ങള്‍ കൂട്ടത്തോടെ വാങ്ങും.
"അത് നാല് പേര്‍ക്ക് കൊടുക്കാനായിട്ടാ"
"ഐ ഡി കാര്‍ഡ്‌ ഉണ്ടോ?"
"നാല് പേരുടെയോ?"
"അല്ല നിന്റെ."
ഭാഗ്യത്തിന് പേഴ്സില്‍ കിടന്ന ബാര്‍ കൌണ്‍സില്‍ ഐ ഡി കാര്‍ഡ്‌ കാണിച്ചപ്പോലാണ് അവര്‍ക്കും എനിക്കും ശ്വാസം നേരെ വീണത്‌. അവരില്‍ ഒരാള്‍ കുറച്ചു ദൂരെ നിന്ന മറ്റൊരു പട്ടാളക്കാരന്റെ അടുത്തേക്ക് പോയി.  അദ്ദേഹവും സംഘത്തില്‍ ചേര്‍ന്നു.  മറ്റുള്ളവരുടെ സല്യുടില്‍ നിന്നും ഇവരേക്കാള്‍ ഉയര്‍ന്ന പദവിയാണ്‌ പുള്ളിയുടെ എന്നെനിക്കു മനസ്സിലായി
കാര്യങ്ങളെല്ലാം ഒരിക്കല്‍ കൂടി വിശദീകരിച്ചപ്പോള്‍ പുള്ളി പറഞ്ഞു.

"ഫ്ലൈറ്റ് എപ്പോഴാ?"
"പന്ത്രണ്ടു മണിക്ക്. എനിക്ക് പതിനൊന്നിനെങ്കിലും ചെക്കിന്‍ ചെയ്യണം. "

"ചെയ്തോ. ഒരു കുഴപ്പവുമില്ല. പക്ഷെ ഈ പിച്ചാത്തി മെട്രോയില്‍ കൊണ്ട് പോകാന്‍ പറ്റില്ല."
പിന്നെ പിച്ചാത്തി നടന്നു വരുമോ ആവോ? "അതെന്താ?"
"ഇത് പോലെയുള്ള ആയുധങ്ങള്‍ എയര്‍പോര്‍ട്ട്  മെട്രോയില്‍ കൊണ്ട് പോകരുതെന്ന് നിയമമുണ്ട്."
ഞാന്‍ ആ കത്തികളിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി. കാണാന്‍ ഒരു ലുക്ക്‌ ഉണ്ടെന്നല്ലാതെ അത് വെച്ച് മുറിച്ചാല്‍ ഒരു കാ‍ന്താരി മുളക് പോലും മുറിയും എന്നെനിക്കു തോന്നുന്നില്ല.
ദൈന്യതയോടെ ഞാന്‍ പുള്ളിയുടെ മുഖത്തേക്ക് നോക്കി. "പ്ലീസ്, ഇതൊന്നു കൊണ്ട് പോകാന്‍ സമ്മതിക്കണം. പത്തഞ്ഞൂറു രൂപാ മുടക്കിയതാ. പിന്നെ ഈ സാധനം അവിടെ മേടിക്കണമെങ്കില്‍ ഞാന്‍ ഇരട്ടി പൈസ കൊടുക്കണം. സമയവും പോകുന്നു. എനിക്കിവിടെ ഇങ്ങനെ നിക്കാന്‍ പറ്റില്ല"
പുള്ളിക്ക് എന്റെ വിഷമം മനസ്സിലായി. "മെട്രോയില്‍ കൊണ്ട് പോകാന്‍ പറ്റില്ല. ഒന്നെങ്കില്‍ നിങ്ങള്‍ക്കു ബസ്‌ പിടിച്ചു എയര്‍പോര്‍ട്ടിലേക്ക്  പോകാം. ബസില്‍ ഇത് കൊണ്ട് പോകുന്നതിനു കുഴപ്പമില്ല. അല്ലെങ്കില്‍ താങ്കള്‍ എയര്‍ ലൈന്‍ കമ്പനി യുടെ ഓഫീസില്‍ ചെന്ന് ചോദിക്കൂ. അവര്‍ക്ക് വേണമെങ്കില്‍ ഇത് അവരുടെ കാര്‍ഗോ യില്‍ കൊണ്ട് പോകാം."
ഞാനും ഒരു പട്ടാളക്കാരനും കൂടെ സ്പൈസ് ജെറ്റിന്റെ ഓഫീസിലെത്തി. അവിടെയും സ്ഥിതി തഥൈവ. ഞാന്‍ തിരിച്ചു പട്ടാളക്കാരുടെ അടുത്തെത്തി
സമയം പോകുന്നു. എനിക്ക് അത്യാവശ്യമായി എയര്‍പോര്‍ട്ടില്‍ എതികയും വേണം. പിച്ചാത്തി കൊണ്ട് പോകാന്‍ ഇവര്‍ സമ്മതിക്കുകയുമില്ല.വേറെ വഴിയോന്നുമില്ലാതെ ഞാന്‍ പറഞ്ഞു.

"ശരി. ഞാന്‍ ഇത് കൊണ്ട് പോകുന്നില്ല. ഇനി ബസോ ടാക്സിയോ  പിടിച്ചു പോകാന്‍ എനിക്ക് സമയമില്ല. നമ്മുടെ സ്വര്‍ണവാള്‍ നിങ്ങള്‍ക്കു ദാനമായി തന്നിട്ട് നാം യാത്രയാകുന്നു."
അപ്പോഴതാ അടുത്ത പ്രശ്നം. "ഇതിവിടെ വെക്കാന്‍ പറ്റില്ല. ഞങ്ങള്‍ക്കിത്‌ ഇവിടെ സൂക്ഷിക്കാന്‍ പറ്റില്ല."
"വാട്ട്? എന്നെ കൊണ്ട് പോകാനും സമ്മതിക്കില്ല. ഇവിടെ വെക്കാനും സമ്മതിക്കില്ലെന്നോ" ?
"അതെ. ഇത് നിങ്ങള്‍ തന്നെ എവിടെയെങ്കിലും കൊണ്ട് പോയി കളയണം. അല്ലെങ്കില്‍ മറ്റാരെങ്കിലും ഇന്ന് തന്നെ വന്നു കളക്റ്റ് ചെയ്യണം. വരുന്നയാളുടെ അഡ്രസ്‌ ഇപ്പോള്‍ തരണം"

ഞാന്‍ ടെന്‍ഷനായി. വാച്ചില്‍ നോക്കി. പതിനൊന്നു മണിയായി. ഫ്ലൈറ്റ് പോകും. ഇവിടുന്നു ഇറങ്ങാന്‍ ഇവര്‍ സമ്മതിക്കുന്നുമില്ല. ദൈവമേ നീ തന്നെ രക്ഷ. ഇതു സമയത്താണോ ഈ നശിച്ച  കത്തി മേടിക്കാന്‍ തോന്നിയത്. ഇതിപ്പോള്‍ ധനനഷ്ടം, മാനഹാനി, വേറെ ഏതൊക്കെ വരാന്‍ കിടക്കുന്നോ.


"ഇന്ന് തന്നെ വന്നു കളക്റ്റ് ചെയ്യണോ? എന്റെ കൂട്ടുകാര്‍ ഇവിടുണ്ട് . അവരാരെങ്കിലും എപ്പോഴെങ്കിലും വന്നു മെടിച്ചോളും "

"അത് പോരാ."

"പ്ലീസ്‌ "

മുന്‍പത്തെ പട്ടാളക്കാരന് വീണ്ടും ദയ തോന്നി. "ഞങ്ങളുടെ സാബ് അവിടെ ഉണ്ട്. അദേഹത്തെ പോയി കണ്ടു നോക്കൂ. അദ്ദേഹം സമ്മതിച്ചാല്‍ ഇതിവിടെ സൂക്ഷിച്ചു വെക്കാം."
അവിടെയുള്ള ഒരു മുറിയിലേക്ക് ഒരു പട്ടാളക്കാരന്‍ എന്നെ അനുഗമിച്ചു. എ കെ 47  പിടിച്ച രണ്ടു പട്ടാളക്കാര്‍ കാവല്‍ നില്‍ക്കുന്നു. 


ഞങ്ങള്‍ മുറിയിലേക്ക് കടന്നു. എന്റെ കണ്ണുകള്‍ വിടര്‍ന്നു. എന്റെ കൂടെ വന്ന പട്ടാളക്കാരന്‍ സല്യുട്ടിനായി നിവര്‍ന്നു

കസേരക്ക് ചുറ്റും ആറ് പട്ടാളക്കാര്‍ നില്‍ക്കുന്നു. കസേരയിലിരുന്നു  പാത്രത്തില്‍ നിന്നും ആലുപൊറോട്ട കഴിക്കുകയാണ് തലയില്‍ വലിയ കെട്ടുള്ള ആറര അടി പൊക്കവും അതിനൊത്ത വണ്ണവുമുള്ള ഒരു സര്‍ദാര്‍ജി ഓഫീസര്‍.
എന്റെ കൂടെ വന്ന പട്ടാളക്കാരനോട്  അയാള്‍ ചോദ്യഭാവത്തില്‍ മുഖമുയര്‍ത്തി.  കൂടെ വന്ന ആള്‍ക്ക് എന്തെങ്കിലും പറയാന്‍ പറ്റുന്നതിനു മുന്‍പേ ഞാന്‍ തുടങ്ങി. ഇന്ഗ്ലീഷിലും ഹിന്ദിയിലും പിന്നെ അതില്‍ പഞാബി പോലുമുണ്ടായിരുന്നോ എന്ന് പോലും എനിക്ക് സംശയമുണ്ട്. എന്തായാലും ഞാന്‍ പറഞ്ഞതിന്റെ ചുരുക്കം ഇങ്ങനെ ആയിരുന്നു.
"സാര്‍. ഞാന്‍ ദൂരെ കേരളത്തില്‍ നിന്നും വരികയാണ്. പഞാബിലെക്കാന് പോയത്. സുവര്‍ണ ക്ഷേത്രത്തില്‍ പോയിരുന്നു. അവിടെ നിന്നും  ബന്ധുക്കള്‍ക്ക് കൊടുക്കാനായി ഏതാനം ക്രിപാണ്‍ വാങ്ങി. അവിടെയുള്ളവര്‍ സിനിമയില്‍ മാത്രമേ ഈ സാധനം കണ്ടിട്ടുള്ളു. പഞ്ചാബ് പോലെയുള്ള അതി മനോഹരമായ സ്ഥലത്ത് നിന്ന്  വരുമ്പോള്‍ എന്തെങ്കിലും കൊണ്ട് വരണമെന്ന് അവര്‍ എല്ലാം പറഞ്ഞു വിട്ടതാണ്. പന്ത്രണ്ടു മണിക്ക് എന്റെ ഫ്ലൈറ്റ് പോകും. ഇപ്പോള്‍ ഇത് മെട്രോയില്‍ കൊണ്ട് പോകാന്‍ ഇവര്‍ സമ്മതിക്കുന്നില്ല. ദയവു ചെയ്തു ഇത് കൊണ്ട് പോകാന്‍ സമ്മതിക്കണം."
സര്‍ദാര്‍ജി കത്തിയുടെ പാക്കറ്റിന്റെ പുറത്തുള്ള സുവര്‍ണ ക്ഷേത്രത്തിന്റെ ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കി. പഞാബിനോടുള്ള എന്റെ തീവ്ര സ്നേഹം കണ്ടിട്ട് അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞോ എന്ന് ഞാന്‍ സംശയിച്ചു. മാത്രമല്ല ആ തീവ്ര സ്നേഹം കൊണ്ട് ഇനി എന്നെ പഞ്ചാബ് പോലീസില്‍ വല്ലതും എടുക്കുമോ എന്നായി എന്റെ അടുത്ത പേടി.  എന്തായാലും എന്നോട് കൂടുതലൊന്നും ചോദിക്കാതെ  അദേഹം എന്റെ കൂടെ വന്ന പട്ടാളക്കാരനോട് പറഞ്ഞു.
"ഉസേ ലേ ജാനേ ദോ" പണ്ടാരം കൊണ്ട് പോയിക്കോട്ടെ എന്ന് തര്‍ജ്ജമ .

പുരുഷു എന്നെ അനുഗ്രഹിക്കണം എന്ന് മനസ്സിലും താങ്ക്സ് എ ലോട്ട് സാര്‍ എന്ന് ഉറക്കെയും പറഞ്ഞു ഞാന്‍ പുറത്തേക്കിറങ്ങി.

ഇന്ദ്രപ്രസ്ഥത്തില്‍ നിന്ന്  വിമാനത്തില്‍ നാല് പിച്ചാത്തികളുമായി പറക്കുമ്പോഴും എന്റെ മനസ്സിലെ ചിന്ത അതായിരുന്നു. പഞ്ചാബ് സുന്ദരിയാണ് പഞാബികള്‍ നല്ലുവരും. പ്രത്യേകിച്ച് പട്ടാളക്കാര്‍....

No comments: