Sunday, March 11, 2012

ഒരു അഭിഭാഷകന്റെ കേസ് ഡയറി

കാന്റീനില്‍ നിന്നും നാലാം നിലയിലേക്ക് നടക്കുമ്പോളാണ് പുറകില്‍ നിന്ന് വിളി വന്നത്

"സിബീ, നിനക്കിപ്പോള്‍ എവിടെയാ കേസ് ?" ചോദിച്ചത് ബോബനാണ്
ഞാന്‍ ലിസ്റ്റിലേക്ക് നോക്കി. തല്‍കാലം കേസ് ഒന്നുമില്ല. ഉച്ച കഴിഞ്ഞേ വരൂ.
"ഇപ്പോള്‍ ഞാന്‍ ഫ്രീയാ ബോബാ", ഞാന്‍ പറഞ്ഞു 
ബോബനെ എനിക്ക് നേരിട്ട് അത്ര പരിചയമില്ല. എങ്കിലും ബാങ്കിനെതിരെ ധാരാളം കേസ് ഫയല്‍ ചെയ്യുന്ന ഒരു ഓഫീസിലാണ് ബോബന്‍. ചുങ്കത്തറ മാധവമേനോന്‍ ആന്‍ഡ്‌ അസോസിയേറ്റ്സ് . സാധാരണ അവരുടെ കേസിനെല്ലാം ബോബനാണ് വരുന്നത്. അങ്ങനെ ഉള്ള പരിചയമാണ്.

"ഒരു സഹായം ചെയ്യുമോ? എനിക്ക് അഞ്ചാം നിലയിലേക്ക് പോകണം.  ഫോര്‍ ഇ കോടതിയില്‍ എനിക്കൊരു കേസുണ്ട്. ഒന്ന് റെപ്രസന്റ്റ് ചെയ്യുമോ? ഞങ്ങള്‍ ഒരു എതിര്‍കക്ഷിക്ക് വേണ്ടിയാണ്. മറ്റ് എതിര്‍ കക്ഷികള്‍ക്ക് വേണ്ടി വേറെയും വക്കീലന്മാര്‍ ഹാജരാകുന്നുണ്ട്.  ഞങ്ങളുടെ കക്ഷിക്ക് വലിയ റോള്‍ ഇല്ല. നീ അവിടെ ചെന്ന് നിന്നാല്‍ മതി, ബാക്കി മറ്റു ലോയേര്‍സ് നോക്കിക്കൊള്ളും"
ഞാന്‍ ആലോചിച്ചു. വലിയ ബുദ്ധിമുട്ടില്ല. മാത്രമല്ല അത്യാവശ്യം കേസ് നടത്തി എനിക്ക് പരിചയമുള്ള കോടതിയുമാണ്. പ്രശ്നം വരേണ്ട കാര്യമില്ല
"ശരി കുഴപ്പമില്ല. ഞാന്‍ ചെയ്തോളാം" 

കേസിന്റെ നമ്പരും മേടിച്ചു ഞാന്‍ കോടതിയിലേക്ക് കയറി
ആള്‍ക്കാര്‍ അധികമില്ല. സമയം ധാരാളം ബാക്കി കിടക്കുന്നത് കൊണ്ട് കോടതി എല്ലാ കേസും വിശദമായി കേള്‍ക്കുന്നുണ്ട് .

കേസിന്റെ നമ്പര്‍ വിളിച്ചു. സൈഡില്‍ നിന്നും ബോബന്റെ കെട്ടുമെടുത്തു  ഞാന്‍ മുന്നോട്ടു കയറി ചുറ്റും നോക്കി.

പണി പാളി. വേറെ വക്കീലന്മാര്‍ ആരെയും കാണാനില്ല. ഇതെന്റെ തലയിലാകും. ദൈവമേ, എത്രാമത്തെ എതിര്‍കക്ഷി ആണോ ബോബന്റെ കക്ഷി?


കോടതി കേസിന്റെ കെട്ടെടുത്തു. മുന്‍പിലേക്ക് നോക്കി. മറ്റാരെയും കാണുന്നില്ല.  നോട്ടം എന്റെ നേരെയായി. എന്റെ നോട്ടം താഴോട്ടും.

"Yes, What is the matter?

"My Lord, I am representing the counsel for the respondent " , ഞാന്‍ എതിര്‍കക്ഷിയുടെ വക്കീലിന് എത്തിച്ചേരാന്‍ പറ്റാത്തത് കൊണ്ട് അദ്ദേഹത്തെ റെപ്രസന്റ്റ് ചെയ്യുകയാണ്.


ഞാന്‍ ഭയപ്പെട്ടത് തന്നെ ജഡ്ജി ചോദിച്ചു. "which respondent ?"

ഞാന്‍ കേസ് കെട്ടിലേക്ക് മുഖം തിരിച്ചു. 

തന്റെ കയ്യിലിരുന്ന കെട്ടിലേക്ക് നോക്കിക്കൊണ്ട്‌  ഉത്തരം കിട്ടാത്തതിന്റെ ദേഷ്യത്തില്‍ ജഡ്ജി എന്നോട് ചോദിച്ചു

whom are  you  representing ?
ഞാന്‍ കെട്ടില്‍ നോക്കി. വക്കീലിന്റെ പേര് വെണ്ടക്കാ അക്ഷരത്തില്‍ എഴുതി വച്ചിരിക്കുന്നു. ചുങ്കത്തറ മാധവമേനോന്‍ ആന്‍ഡ്‌ അസോസിയേറ്റ്സ്. അതിന്റെ താഴെ ചെറിയ അക്ഷരത്തില്‍ ജുനിയെര്സിന്റെ പേരുകളും.


ഞാന്‍ ഉറക്കെ പറഞ്ഞു "മൈ ലോര്‍ഡ്‌, ഐ അം റെപ്രസന്റിംഗ്  അഡ്വക്കേറ്റ് ചുങ്കത്തറ മാധവമേനോന്‍"

കേസ് കെട്ട് വായിച്ചു കൊണ്ടിരുന്ന ജഡ്ജി എന്റെ അലര്‍ച്ച കേട്ടു ഒന്ന് ഞെട്ടി. പിന്നെ മുഖമുയര്‍ത്തി എന്നെ നോക്കി ചോദിച്ചു.

"ആര്?"
"അഡ്വക്കേറ്റ് ചുങ്കത്തറ മാധവമേനോന്‍"
വക്കീലിന്റെ പേര് കേട്ടപ്പോള്‍ അദ്ദേഹം ഒന്ന് തണുത്തെന്നു തോന്നി. വക്കീല്‍ ജഡ്ജിയുടെ കൂട്ടുകാരനായിരിക്കണം
 "ഓ.. മാധവമേനോന്റെ കേസാണോ?"
"അതെ മൈ ലോര്‍ഡ്‌ " ഹും..പഴയ കൂട്ടുകാരോടൊക്കെ എന്താ സ്നേഹം.
"എന്നിട്ട് അയാള്‍ എവിടെ?"
എന്ത് പറയണം എന്നെനിക്കറിയില്ല. സീനിയര്‍ എവിടെ പോയെന്നു ബോബന്‍ എന്നോട് പറഞ്ഞില്ല.
ഞാന്‍ മനസ്സില്‍ ആലോചിച്ചു. എന്ത് പറയണം. വേറെ കോടതിയിലാണെന്നു പറയണോ അതോ സ്ഥലത്തില്ല എന്ന് പറയണോ. സ്ഥലത്തില്ല എന്ന് പറഞ്ഞാല്‍ അയാള്‍ ഈ കോടതിയില്‍ പിന്നെ വന്നാല്‍ എനിക്ക് പണിയാകും. വേറെ കോടതിയിലാണെന്നു പറയാം.

"ഹീ ഈസ്‌ എന്‍ഗേജെട്  ഇന്‍ അനദര്‍ കോര്‍ട്ട്" അദ്ദേഹം വേറേ കോടതിയില്‍ കേസ് നടത്തി കൊണ്ടിരിക്കുകയാണ്  

ജഡ്ജി ഒന്ന് ശാന്തനായി. ലിസ്റ്റിലേക്ക് കണ്ണോടിച്ചു കൊണ്ട് ഒന്ന് കൂടി ചോദിച്ചു. "മാധവമേനോന്‍ നേരിട്ടാണോ കേസ് ഏല്‍പ്പിച്ചത്?"
റിസ്ക്‌ എടുക്കണോ എന്ന് ഞാന്‍ ആലോചിച്ചു. വേണ്ട. സത്യം പറയാം. "അല്ല മൈ ലോര്‍ഡ്‌..അദ്ദേഹത്തിന്റെ ജൂനിയര്‍ ആണ് "

ജഡ്ജി ഒരു ദീര്‍ഘ നിശ്വാസം വിട്ടു. എന്നിട്ട് പറഞ്ഞു.

"ശരി. case  posted after  three weeks "
കേസ് മൂന്നാഴ്ച കഴിഞ്ഞു വച്ചിരിക്കുന്നു. എനിക്ക് സമാധാനമായി. കോടതിക്ക് മുന്‍പില്‍ തല കുമ്പിട്ടു ഞാന്‍ പുറകോട്ടു തിരിഞ്ഞു.


"വക്കീലേ" പുറകില്‍ നിന്ന് ജഡ്ജി വിളിച്ചു. ഞാന്‍ ബഹുമാനപുരസ്സരം തിരിഞ്ഞു നിന്നു

"എന്റെ അറിവില്‍  ചുങ്കത്തറ മാധവമേനോന്‍ മരിച്ചിട്ട് എട്ടു വര്‍ഷമായി. പുള്ളി  വേറേ കോടതിയില്‍ കേസ് നടത്തി കൊണ്ടിരിക്കുകയാണ്  എന്നറിഞ്ഞതില്‍ വളരെ സന്തോഷം. പുള്ളിയെ കാണുമ്പോള്‍ ഞാന്‍ അന്വേഷിച്ചതായി പറഞ്ഞേക്കണം.." എന്റെ മുഖത്തേക്ക് നോക്കി ജഡ്ജി പറഞ്ഞു. എന്നിട്ട് അടുത്ത കേസിലേക്ക് ശ്രദ്ധ തിരിച്ചു.




EPILOGUE                                                                                                                     ഉച്ചക്ക് ബോബനെ വീണ്ടും കാന്റീനില്‍  വച്ച് കണ്ടപ്പോള്‍ അവന്‍ ചോദിച്ചു. "പ്രശ്നം വല്ലതും ഉണ്ടായോ? ഞാന്‍ പറഞ്ഞത് പോലെ എല്ലാം മറ്റവര്‍ നോക്കിയില്ലേ?"
"നിന്റെ സീനിയറിന്റെ പേരെന്താ? ഞാന്‍ ചോദിച്ചു.

"എം. മുകുന്ദന്‍ മേനോന്‍. ആ കെട്ടില്‍ പെരുണ്ടായിരുന്നല്ലോ..."
"അപ്പോള്‍ ചുങ്കത്തറ മാധവമേനോന്‍?"
"അത് സീനിയറിന്റെ അച്ഛനാ. പുള്ളി മരിച്ചിട്ട് കുറച്ചു വര്‍ഷമായി. എന്ത് പറ്റി?"

"ഒന്നും പറ്റിയില്ല. പുള്ളിയെ കണ്ടിരുന്നെങ്കില്‍  ഫോര്‍ ഇ കോടതിയിലെ ജഡ്ജി അന്വേഷിച്ചതായി പറയാമായിരുന്നു."
അവനൊന്നും മനസ്സിലായില്ല. നന്ദി പറഞ്ഞു അവന്‍ പുറത്തേക്കു നടന്നു. ഞാന്‍ എന്റെ ശ്രദ്ധ പ്ലേറ്റില്‍ കിടന്ന ചോറിലേക്ക്‌ തിരിച്ചു.