Monday, December 26, 2011

ഒരു മാറ്റ്‌ അപ്പീല്‍ ദുരന്തം (A Matrimonial Appeal Disaster)


കേരളത്തിന്‌ശ്രീശാന്ത് പോലെ, ഇന്ത്യവ്വിഷന്കുഞ്ഞാലികുട്ടി പോലെമലയാള സിനിമയ്ക്കു ബി ഉണ്ണികൃഷ്ണന്‍ പോലെ കേരള ഹൈക്കോടതിക്ക് ലോകത്തിനു മുന്‍പില്‍ ഉയര്‍ത്തിക്കാട്ടാന്‍ പറ്റിയ ഒരു ബ്രാന്‍ഡ്‌ അംബാസിഡര്‍ ആണ് അഡ്വക്കേറ്റ് ബോബന്‍. പ്രായം 32 ആകുന്നു എന്ന് ബോബനും അതല്ല 35 ആകുന്നു എന്ന് എസ് എസ് എല്‍ സി ബുക്കും പറയുന്നു. 10വര്‍ഷത്തെ നിരന്തര പരിശ്രമത്തിന്റെ ഫലമായി ഇന്ന് ഹൈക്കോടതിയിലെ അറിയപ്പെടുന്ന യുവ അഭിഭാഷകരില്‍ മുന്‍ നിരയിലാണ് ബോബന്റെ സ്ഥാനം. ഹൈക്കോര്‍ട്ട് ഡേ, ആനുവല്‍ ഡേ തുടങ്ങിയ ദിവസങ്ങളില്‍ നല്ല പരിപാടികള്‍ കണ്ടു ആള്‍ക്കാര്‍ ഹരം പിടിച്ചിരിക്കുമ്പോള്‍ രണ്ടോ മൂന്നോ പാട്ട് പാടുക, കള്ള് കുടിച്ചിട്ട് കൂട്ടുകാരോടൊത്ത് വണ്ടിയില്‍ പോകുമ്പോള്‍ റോഡില്‍ വെറുതെ നിക്കുന്ന പോലീസുകാരനെ വിളിച്ചു ബാര്‍ അസോസിയേഷന്‍ ഐഡന്റിറ്റി കാര്‍ഡ്‌ കാണിക്കുക തുടങ്ങിയ ചെറിയ ദുശീലങ്ങള്‍ ഒഴിച്ചാല്‍ ആളൊരു പുലിയാണ്. അതാവശ്യം നല്ല നിലയില്‍ കേസുകള്‍. കക്ഷികള്‍ക്കും മറ്റു വക്കീലന്മാര്‍ക്കും ജഡ്ജിമാര്‍ക്കും നല്ല അഭിപ്രായം. സുന്ദരന്‍, സുമുഖന്‍ ഇത്യാദി ഗുണവിശേഷങ്ങള്‍ വേറെയും. ഇതിനൊക്കെ പുറമേ ദേശിയ പാര്‍ടിയുടെ ഹൈക്കോടതിയിലെ സജീവ പ്രവര്‍ത്തകനും.

കുറവിലങ്ങാട് എന്ന ചരിത്രപ്രസിധവും പുണ്യ പുരാതനവുമായ മെട്രോ നഗരത്തില്‍ നിന്നും എറണാകുളം എന്ന ഇട്ടാവട്ടത്തിലുള്ള സ്ഥലത്തെ ഹൈക്കോടതിയില്‍ ബോബന്‍ അങ്കം വെട്ടാന്‍ തുടങ്ങിയിട്ട് പത്തു വര്‍ഷത്തോളമായി. പക്ഷെ ആയതിന്റെ പേരില്‍ മനോരമ ന്യൂസ്‌ പെര്‍സണ്‍ ഓഫ് ദി ഇയര്‍ ആകണം എന്നോ ബച്ചന്റെ കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങണം എന്നോ ഒന്നും ബോബന്ആഗ്രഹമില്ല. ആകെയുള്ള ആഗ്രഹം പെട്ടന്നു ഒരു പെണ്ണ് കെട്ടണം എന്നുള്ളതാണ്. വക്കീല്‍ ആയതിന്റെ മേന്മകൊണ്ടാണോ നല്ല പയ്യനെ കിട്ടണമെന്ന പെങ്കൊച്ചുങ്ങളുടെ വീട്ടുകാരുടെ പ്രാര്‍ത്ഥനയുടെ ഫലമാണോ എന്നറിയില്ല, വരുന്ന ആലോചനകള്‍ എല്ലാം ശ്രീശാന്തിന്റെതിരിച്ചു വരവുകള്‍ പോലെ മുടങ്ങി പോകുന്നു.

കാര്യങ്ങള്‍ ഇങ്ങനെ ഇരിക്കുമ്പോഴാണ് ഒരു delay petition പറയാന്‍ പോയ വക്കീലിന് അപ്പീല്‍ അനുവദിച്ചു കിട്ടി എന്ന രീതിയില്‍ ഒരുഗ്രന്‍ വിവാഹാലോചന ബോബന്വന്നു ചേര്‍ന്നത്‌. കുറവിലങ്ങാട്ടെ പ്രമുഖ കര്‍ഷകനും പൌരപ്രമാണിയും സര്‍വ്വോപരി ഒരു സെല്‍ഫ് മെയിഡ് അച്ചായനുമായ ഔസേപ് മുതലാളിയിടെ മകളുടെ വിവാഹാലോചന. ആലോചന വന്നത് ബോബന്റെ അപ്പന്റെ അടുത്ത കൂട്ടുകാരനും ഔസേപിന്റെ റബ്ബര്‍വില്കുന്ന കടയുടെ മുതലാളിയുമായ കോര വഴി. ഔസേപിന്റെ മകള്‍ ഒരിക്കല്‍ കോരയുടെമകന്റെ കരണത്ത് അടിച്ചതിനു പ്രതികാരമായാണ് കോര ഈ ബന്ധം ഒപ്പിച്ചുകൊടുത്തത് എന്ന് അസൂയാലുക്കള്‍ പാടി നടന്നെങ്കിലും കല്യാണം ഉറച്ചു.

എങ്ങനെയെങ്കിലുംപെട്ടന്ന് മകളുടെ കല്യാണം നടത്തണം എന്ന് ചിന്തിച്ചു നടന്നിരുന്നതിനാല്‍ഔസേപ് ആലോചനക്കു സമ്മതം മൂളി. ഔസേപിനു വിവരവും വിദ്യാഭ്യാസവുംഅല്പം കുറവാണെങ്കിലും അതിനും കൂടെ ചേര്‍ത്ത്റബര്‍ ഷീറ്റടിക്കുന്ന മെഷീന്‍ ആറെണ്ണം ഔസേപിന്റെ പറമ്പിന്റെ അറ്റത്തു കിടന്നതിനാല്‍ബോബനും സമ്മതം മൂളി. ഔസേപിന്റെ മകള്‍ ജിന്‍സിയെ കുറവിലങ്ങാട്‌ പള്ളിയില്‍ വേദപാഠത്തിനു പഠിക്കുന്ന കാലത്തേ ബോബന്അറിയാം. താന്‍ പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വേദപാഠത്തിനു സമ്മാനം കിട്ടിയ റേഡിയം കൊന്തയുമായി വരാന്തയില്‍ കൂടെ ഓടിയ ആ അഞ്ചാം ക്ലാസ്സുകാരിയെ ബോബന്‍ ഇപ്പോഴും ഓര്‍ക്കുന്നു.

അങ്ങനെ കല്യാണം ഉറപ്പിച്ചു. ബോബന്‍ സന്തോഷിച്ചു. ഔസേപ് സന്തോഷിച്ചു. ജിന്‍സി സന്തോഷിച്ചു. ബോബന്റെ ബന്ധുക്കളും പരിചയക്കാരും സന്തോഷിച്ചു. ബോബനെഅറിയാത്ത ഔസേപിന്റെ ബന്ധുക്കളും പരിചയക്കാരും സന്തോഷിച്ചു. ബോബനെഅറിയാവുന്ന ഔസേപിന്റെ ശത്രുക്കളും സന്തോഷിച്ചു. മീശയുള്ള മോഹന്‍ലാലുംമമ്മൂട്ടിയും മാറി മീശയില്ലാത്ത രണ്ബീര്‍ കപൂറും ഇമ്രാന്‍ ഖാനുംപെണ്‍കുട്ടികളുടെ സ്വപ്ന നായകന്മാരയതോ പ്രിഥ്വിരാജ് പോലും ഇംഗ്ലീഷ്സ്റ്റൈലില്‍ മീശ വടിച്ചതോ ശ്രദ്ധിക്കാതെ ബോബന്‍ മൊബൈല്‍ ഫോണില്‍ തന്റെകട്ടി മീശയുടെ ഫോട്ടോ എടുത്തു കളിച്ചു. ജിന്‍സിയുടെ ഫോണ്‍ നമ്പരില്‍ നോക്കി'കൊച്ചുകള്ളീ' എന്ന് വിളിച്ചു. ചീഫിന്റെ കോടതിയില്‍ തന്റെ റിട്ട് അപ്പീല്‍നിഷ്കരുണം തള്ളുമ്പോഴും ജഡ്ജിയുടെ മുഖത്ത് ബോബന്‍ കണ്ടത് ജിന്‍സിയുടെപുഞ്ചിരിക്കുന്ന മുഖമായിരുന്നു. ആ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു നിന്ന ബോബനെ നോക്കിഉത്തരേന്ത്യക്കാരന്‍ ചീഫ് ജസ്റ്റിസ്‌ തന്റെ ബ്രദര്‍ ജഡ്ജിയോട് ' അണ്‍ലൈക്ഔര്‍ പ്ലേസ് യുവര്‍ പീപിള്‍ അക്സെപ്റ്റ് ഡിഫീറ്റ് ഗ്രെസ്ഫുള്ളി " എന്ന്പറഞ്ഞു. മര്യാദക്ക് വാദിച്ചാല്‍ ജയിക്കാവുന്ന കേസ് തള്ളിയിട്ടും തങ്ങളുടെമുഖത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് നില്‍ക്കുന്ന ബോബനെ ആശ്ച്ചര്യത്തോട്‌നോക്കി ബ്രദര്‍ ജഡ്ജി 'യെസ് യെസ്, ഇന്‍ കേരള, ദി ബാര്‍ ഈസ്‌ വെരികോപെറെടിവ്'എന്ന് മറുപടിയും കൊടുത്തു.

കേസുകള്‍ തള്ളലും ജഡ്ജിയുടെ മുഖത്ത് ബോബന്‍ ജിന്‍സിയുടെ മുഖം കാണലും സ്ഥിരമായപ്പോഴാണ് മനസ്സമ്മതത്തിനു തൊട്ടു മുന്‍പുള്ള തിങ്കളാഴ്ച രാവിലെ ക്രിമിനല്‍ റിവിഷന്‍ അഡ്മിഷന്‍ പറയാന്‍ തയാറായികൊണ്ടിരുന്ന ബോബന്റെ ഫോണിലേക്ക് തീകാറ്റുപോലെ ആ വാര്‍ത്ത വന്നത്. ഔസേപ് എറണാകുളത്തേക്ക്വരുന്നു. അതും അന്ന് തന്നെ. സുഹൃത്ത് ജോസിന്റെകൊച്ചുമകളുടെ മാമോദീസക്ക് പോവുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായാണ് ഔസേപിന്റെ വരവെങ്കിലും ഭാവി മരുമകന്റെ കോടതിവിലാസങ്ങള്‍ നേരിട്ട് കാണുക എന്ന അപ്രഖ്യാപിതമായ ഉദ്ദേശവും അതിന്റെ പുറകിലെ കൊടും ചതിയും മനസ്സിലാകിയ ബോബന്‍ തന്റെ ലിസ്റ്റിലേക്ക്കണ്ണോടിച്ചു. ഇന്നത്തെ കേസ് ലിസ്റ്റ് വലിയ കുഴപ്പമില്ല. എല്ലാം രാവിലെതന്നെ തീരും. പിന്നെ അല്പം പ്രശ്നം ഉള്ളത് ഒരു മാട്രിമോണിയല്‍ അപ്പീല്‍ മാത്രമാണ്. ഡിവോരസ് അനുവദിച്ച ഫാമിലി കോടതി വിധിക്കെതിരെ ഭര്‍ത്താവിന്റെ അപ്പീല്‍. അട്മിഷന് വരുന്നതാണ്. പക്ഷെ സിറ്റിംഗ് ഉച്ചക്കെ തുടങ്ങൂ. ആ സമയത്ത് തന്നെഔസേപ് വരുകയും ചെയ്യും. കേസ് തള്ളാനാണ് സാധ്യത. ചിലപ്പോള്‍ ചീത്തയും കേള്‍ക്കേണ്ടി വരും. കേസ്തള്ളുന്നത് അമ്മായി അപ്പന്‍കാണുന്നത് അത്ര നല്ല ഇമ്പ്രെഷന്‍ ഉണ്ടാക്കില്ല എന്ന് തോന്നിയ ബോബന്‍ പുള്ളിയെ ഒഴിവാക്കാനുള്ള തന്ത്രങ്ങള്‍ ആലോചിച്ചു.

ഉച്ചക്ക് ഹൈകോടതിക്ക് വെളിയില്‍ കാര്‍ നിര്‍ത്തി ഇറങ്ങിയ ഔസേപിനെ എതിരെല്കാന്‍ ബോബന്‍ നില്‍പ്പുണ്ടായിരുന്നു. ഇറങ്ങാന്‍ തുടങ്ങിയ ഔസേപിനോട് ബോബന്‍ സ്നേഹസ്വരത്തില്‍ ഊണ് കഴിക്കാന്‍ക്ഷണിച്ചു. എന്നാല്‍ അപ്പച്ചാ ഇവിടെ നല്ല മീന്‍ കറി കിട്ടും, അപ്പച്ചന്‍കഴിച്ചു തുടങ്ങിക്കോ, ഞാന്‍ എന്റെ കേസ് തീര്‍ത്തു ഓടി വന്നേക്കാം എന്നബോബന്റെ ആഗ്നെയാസ്ത്രത്തെ, മാമോദീസ കഴിഞ്ഞു നല്ല കോഴി ബിരിയാണിയുംകഴിച്ചിട്ടാടാ ഞാന്‍ വരുന്നത് എന്ന വരുണാസ്ത്രം കൊണ്ട് ഔസേപ്പ്രതിരോധിച്ചു. അപ്പച്ചന്‍ ഇവിടെ ഇരുന്നോ, ഞാന്‍ ഇപ്പൊ വരാം എന്ന ബോബന്റെഅടുത്ത ഡയലോഗില്‍ പക്ഷെ ഔസേപ് അപകടം മണത്തു. ഇവന്‍ തന്നെ ഒഴിവാക്കാനാണോശ്രമിക്കുന്നത്? 'ഞാനും വരാമെടാ നിന്റെ കേസ് കാണാന്‍ എന്ന് കടുപ്പിച്ചുപറഞ്ഞ ഔസേപിന്റെ മുന്‍പില്‍ കീഴടങ്ങുകയല്ലാതെ ബോബന് മറ്റുമാര്‍ഗമുണ്ടായിരുന്നില്ല.

ഭാവിമരുമകന്റെവാദംഒന്ന്കേട്ട് കളയാംഎന്ന്കരുതിയാണ് ഔസേപ് കോടതിയിലേക്ക്കയറിയത്. മൂന്നാമത്തെ പെഗ്ഗില്‍ ഐസ് ക്യുബ് ഇട്ടുകഴിഞ്ഞാല്‍ കോടതിയും പോലീസും തനിക്കു പുല്ലാണ് എന്ന് പറയാറുണ്ടായിരുന്ന ഔസേപ് ജീവിതത്തില്‍ ആദ്യമായി കോടതിയില്‍ കയറിയപ്പോള്‍ ഹൃദയം പട പടാഇടിച്ചു. മകന്‍ ജൈസനെ ആദ്യമായി സാനിയോ ബാറില്‍ കണ്ടപ്പോഴത്തെ അതെ ടെന്‍ഷന്‍. പിന്നെ പിന്നെ അവനെ സ്ഥിരമായി സാനിയോയില്‍ കണ്ടപ്പോള്‍ യൂസ്ഡ് ആയതുപോലെ ഇത് മാറുമായിരിക്കും എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട്, അകത്തു കിടന്നു സ്വര്‍ണ കൊന്തയില്‍ ഷര്‍ട്ടിന് പുറത്തു കൂടി പിടിച്ചു കൊണ്ട് ഔസേപ് അകത്തേക്ക് കയറി. മനസ്സില്‍ കുറവിലങ്ങാട് ഫൊറോന പള്ളിയും കല്‍കുരിശും പിന്നെ മാതാവിന്റെ നൊവേനയും.

കോടതിയിലേക്ക് കയറിയ ഔസേപ് കണ്ടത് ഒന്നല്ല, രണ്ടു ജഡ്ജിമാരെ. കൂടാതെ അവരുടെ മുന്‍പില്‍ നില്‍ക്കുന്ന വലിയൊരു കൂട്ടം വക്കീലന്മാരെ. സിനിമയില്‍ മാത്രം കോടതികണ്ടിട്ടുള്ള ഔസേപ്പിന്റെ മനസ്സില്‍ ഒന്നല്ല രണ്ടു ലഡ്ഡു തന്നെ പൊട്ടി. തന്റെമരുമകന്റെവാദംകേള്‍ക്കാന്‍ഒന്നല്ല രണ്ടു ജഡ്ജിമാര്‍കാത്തിരിക്കുന്നു. മരുമകന്‍ പഠിപ്പിച്ചു തന്നത് പോലെ മാതാവിന്റെ രൂപത്തിന് മുന്പിലെന്ന പോലെഒന്ന് കൈ കൂപ്പി ഒന്ന്കുമ്പിട്ടു. പിന്നെ പതുക്കെ പുറകോട്ടു മാറി നിന്നു. എന്നിട്ടൊന്ന് കണ്ണോടിച്ചു. അത്ര വലിയ മുറിയോന്നുമല്ല. മുന്‍പില്‍പറയുന്നത് ഇവിടെ നിന്നാല്‍ കേള്‍ക്കാം. ജഡ്ജിമാരും നല്ല ശബ്ദത്തില്‍തന്നെയാണ്. സംസാരിക്കുന്നത്. ജഡ്ജിമാര്‍ക്ക്മുന്‍പില്‍ നില്‍ക്കുന്ന ഭാവി മരുമകന്റെ അടുത്തേക്ക് ഔസേപ് ചെവികൂര്‍പ്പിച്ചു.

തന്റെ ഇംഗ്ലീഷ് കേട്ട് ഔസേപ് ഒന്ന് ഞെട്ടട്ടെ എന്നാഉദ്ദേശത്തോടെ ബോബന്‍ ഉറക്കെ കേസ് പറഞ്ഞു തുടങ്ങി. 'മൈലോര്‍ഡ്‌, ഐ ആം ദി ഹസ്ബന്റ്' . ബോബന്റെ ആഗ്രഹം പോലെ ഔസേപ് ഒന്ന് ഞെട്ടി. പക്ഷെ ഞെട്ടിയത് കുര്യനാട് സെന്റ്‌ ആന്‍സിലെ പഴയ പത്താം ക്ലാസ്സുകാരന്റെഇംഗ്ലീഷ് ഉണര്ന്നപ്പോഴായിരുന്നു. ബോബന്‍ ആരുടെയോ ഭര്‍ത്താവ് ആണെന്നല്ലേപറഞ്ഞത്? കക്ഷിയുടെ കാര്യമല്ലല്ലോ, താനാണ് ഹസ്ബന്റ് എന്നല്ലേ ബോബന്‍ പറഞ്ഞത്? ചതി പറ്റിയോ? ഹസ്ബന്റ് എന്ന് തന്നെയല്ലേ പറഞ്ഞത്? അതോ വല്ല ഹൌസ് ബോടിന്റെയും കാര്യം പറഞ്ഞതാണോ. നൂറായിരം ചോദ്യങ്ങള്‍ ഔസേപിന്റെ മനസ്സിലൂടെ കടന്നു പോയി. ഔസേപ്കാതു ഒന്ന് കൂടി കൂര്‍പ്പിച്ചു.

ഔസേപിന്റെ സംശയങ്ങള്‍ക്ക് മറുപടിയായി ജഡ്ജിയുടെ ചോദ്യം വന്നു. അതും മലയാളത്തില്‍. 'നിങ്ങള്ക്ക് എയിഡ്സ് അല്ലെ?' തൊട്ടു പുറകെ ബോബന്റെ ഉത്തരവും, മലയാളത്തില്‍. "അത് ഒരു ഹോസ്പിറ്റലിലെ റിപ്പോര്‍ട്ട് മാത്രമാണ് ലോര്‍ഡ്‌ഷിപ്‌. ദാറ്റ്‌ ഈസ്‌ നോട്ട് സഫിഷ്യന്റ്റ് പ്രൂഫ്‌ ." ഔസേപിന്റെ സംശയങ്ങള്‍ മുഴുവന്‍ തീര്‍ന്നു. നേരത്തെ രണ്ടു ലഡ്ഡുപൊട്ടിയ ഔസേപിന്റെ മനസ്സില്‍ ഇത്തവണ പൊട്ടിയത് മുല്ലപ്പെരിയാര്‍ ഡാംആയിരുന്നു. അത് ഇടുക്കി ഡാം തടഞ്ഞു നിര്‍ത്തിയത് കൊണ്ടാണോ എന്നറിയില്ല, പുറത്തേക്കൊഴുകാന്‍ തുടങ്ങിയ ഔസേപിന്റെ സ്വരം ഒരു ഞരങ്ങലായി മാത്രമേ പുറത്തേക്കു വന്നൊള്ളൂ.

കണ്ണില്‍ ഇരുട്ട് കയരുന്നതിനിടയിലും കോടതിയില്‍ നടന്ന സംഭാഷണം ഔസേപ് ശബ്ദ രേഖയായികേട്ടത് ഇങ്ങനെ..

'ബോബന്‍, നിങ്ങള്ക്ക് എയിഡ്സ് ആണെങ്കില്‍ പിന്നെ വിവാഹമോചനം അനുവദിച്ചതില്‍ എന്താണ് തടസ്സം?'
'മൈ ലോര്‍ഡ്‌ ദാറ്റ്‌ ഈസ്‌ നോട്ട് പ്രൂവ്ഡ്'
യുവര്‍ വൈഫ്‌ സെയ്സ് സൊ.. ദേര്‍ ഈസ്‌ എ ഹോസ്പിറ്റല്‍ റെക്കോര്‍ഡ്‌. അത് പോരേ?
'മൈ ലോര്‍ഡ്‌, ദാറ്റ്‌ ഈസ്‌ നോട്ട് എ ഗ്രൌണ്ട് ഫോര്‍ ടിവോര്സ്'
'ഹൂ സെയ്സ് സൊ? ദേര്‍ ആര്‍ അംപില്‍ അതോരിട്ടീസ് ഫോര്‍ ദാറ്റ്‌'.
"മാത്രമല്ല നിങ്ങളുടെ ഭാര്യ പറയുന്നത് നിങ്ങള്‍ പുതിയ കല്യാണം ഉറപിചിട്ടുന്ടെന്നാണ്" സത്യമാണോ?
"ദാറ്റ്‌ ഈസ്‌ നോട്ട് കറക്റ്റ് ലോര്‍ഡ്‌ഷിപ്‌"
നായിന്റെ മോനെ, നിനക്ക് കല്യാണംതീരുമാനിച്ചില്ല അല്ലെ എന്ന് ചോദിക്കാനാഞ്ഞ ഔസേപിന്റെ കണ്ണിലേക്കു ഇരുട്ട്കയറി. ശരീരം താഴോട്ട് ചരിഞ്ഞു. എന്തൊക്കെയോ വാക്കുകള്‍ പുറത്തേക്കു വന്നു. ആരോക്കെയെ തന്നെ താങ്ങുന്നത് പോലെ തോന്നിയ ഔസേപിന്റെ ചെവിയിലേക്ക് അവസാനംകേട്ടത് 'ഓക്കേ, വീ ഷാല്‍ അഡ്മിറ്റ്‌ ഇറ്റ്‌' എന്ന ജഡ്ജിയുടെ ശബ്ദമാണ് . പക്ഷെ അതിന്റെ അര്‍ഥം തിരിച്ചരിയാനുല്ലം വിവരം ആ തലചോരിലോ ബോധം ആ ശരീരത്തോനില നിന്നിരുന്നില്ല.

തള്ളുമെന്ന് വിചാരിച്ച കേസ് ഫയലില്‍ സ്വീകരിച്ചപ്പോള്‍ സന്തോഷവും അതിലേറെ അഭിമാനവുമാണ് ബോബന് തോന്നിയത്. അഭിമാനത്തോടെ തിരിഞ്ഞു പുറത്തേക്കു നോക്കിയ ബോബന്‍ കണ്ടത് പിസാ ഗോപുരം പോലെ താഴേക്ക്‌ ചരിയുന്ന ഭാവി അമ്മായി അപ്പനെ ആണ്. കേസു കേട്ട് വലിച്ചെറിഞ്ഞു ഓടി ചെന്ന് ഔസേപ്പിനെ താങ്ങാന്‍ നോക്കിയ ബോബന്‍ കേട്ടത് ഔസേപിന്റെ വായില്‍ നന്ന് വന്ന നായിന്റെ മോനെ എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥന ആയിരുന്നു.

-----------------------------X---------------------------------

ഏതാനം മാസങ്ങള്‍ക്ക് ശേഷമുളള ഒരു വെളളിയാഴ്ച കുറവിലങ്ങാട് പളളിയുടെ മുന്നില്‍ എണ്ണ ഒഴിക്കാന്‍ നിന്ന ബോബനെ ചൂണ്ടി ഒരു അമ്മ മകളോട് പറഞ്ഞു. "കണ്ടില്ലേ മാതാവിനോടുള്ള ഭക്തി. എയിഡ്സ് ആയ ചെക്കനാ..മാറാന്‍ മാതാവിനോട് പ്രാര്‍ത്ഥിക്കുന്നതാ".......