Sunday, January 1, 2012

ഒരു ഉത്തരാധുനിക കവിതയും മലയാള പരിഭാഷയും


ഉത്തരാധുനിക കവിത 

ജഡികമാം  ജീവിത നിശ്വാസത്തിന്റെ ഇരുളടിപ്പാതയില്‍
ബാഷ്പബിന്ദുവേകുന്ന ധ്രുവനക്ഷത്രമേ
നിന്റെ  തേരോട്ടത്തിന്റെ വളപ്പൊട്ടുകള്‍ എന്റെ സിരകളില്‍
അപരാഹ്നത്തിന്റെ  വയലറ്റ്  നിറങ്ങള്‍ ചിതറിക്കുമ്പോള്‍
അണഞ്ഞു തീരാത്ത നിയോണ്‍ ബള്‍ബിന്റെ വെളിച്ചം
എന്റെ ഉന്മാദങ്ങള്‍ക്കു ഓജസ്സ് കൂട്ടുമ്പോള്‍
തഴമ്പ് വന്ന നെറ്റിതടങ്ങളിലെ  മുറിപ്പാടിന്റെ  നീറ്റല്‍
ആത്മാവിനു ബലിച്ചോറ് വെയ്ക്കുമ്പോള്‍
നെറുകയില്‍ ചൂടിയ മയില്‍പീലിയില്‍
ഭാരതാംബയുടെ ഉഷസ്സിന്റെ രോക്ഷഗ്നി ജ്വാലകള്‍ തെളിയുന്നതും
സള്‍ഫറിന്റെ മണമുള്ള അഗ്നിയുടെ ചിറകുകള്‍
ചക്രവാളത്തില്‍ മീവല്‍പ്പക്ഷികളെപ്പോലെ കേഴുന്നതും
നിര്‍ന്നിമേഷനായി നോക്കുന്ന കോമരത്തിന്റെ മുന്‍പില്‍
മഴത്തുള്ളിയുടെ തൂക്കു കയര്‍ വീഴുന്നതും ഞാന്‍ കാണുന്നു.
ദൂരേക്ക്‌ ചിറകടിച്ചു പായുന്ന ത്രിസന്ധ്യയുടെ  മുന്‍പിലൂടെ
സ്വച്ചന്ദമായി നീങ്ങുന്ന ഹംസഗീതങ്ങള്‍ 
എന്റെ ശിരസ്സിനെ ആ എരിയുന്ന നേരിപ്പോടിലേക്ക് വലിച്ചെറിയാന്‍ പ്രേരിപ്പിക്കുന്നു.
ഡിസംബറിലെ തണുപ്പ് എന്റെ ഉടലില്‍ കത്തിമുനകളാകുകുമ്പോള്‍
ഗ്രീഷ്മത്തിന്റെ പ്രതീക്ഷ എനിക്കൊട്ടും ആശ്വാസം പകരുന്നില്ലല്ലോ
എങ്കിലും, നന്ദി നിനക്കാണ് വേണ്ടത്.
കാരണം, ആത്മാവിന്റെ സ്പന്ദനങ്ങളില്‍ എന്റെ ജീവന്‍
ഇപ്പോഴും തുടിക്കുന്നത് നിനക്ക് വേണ്ടിയാണ്
അതെ, നിനക്ക് വേണ്ടി തന്നെയാണ്.

പരിഭാഷ 
ആദ്യത്തെ വരി ഒന്നും മനസ്സിലായില്ല
രണ്ടാമത്തെ വരി ക്രിസ്തമസ് നക്ഷത്രത്തെക്കുറിച്ചാണെന്ന് തോന്നുന്നു.
മൂന്നാമത്തെ വരി ഏതോ ഉത്സവപ്പറമ്പിനെക്കുറിച്ചാണ്
പിന്നെ കുറെ കഴിഞ്ഞു നിസ്കാര തഴമ്പിനെക്കുറിച്ചും പറയുന്നുണ്ട്
അതിനു ശേഷം ഭാരതാംബ എന്ന് പറയുന്നുണ്ട്.
അപ്പോള്‍ ഇത് മത സൌഹാര്‍ദ്ദതയെപ്പറ്റിയുള്ള ഒരു കവിതയാണ്.
ബാക്കി ഒന്നും മനസ്സിലാകുന്നില്ലല്ലോ 
എന്തായാലും ഉന്മാദം, ബലിച്ചോര്‍, തൂക്കുകയര്‍ എന്നൊക്കെ പറയുന്നത് കൊണ്ട് ഇതൊരു അത്യുഗ്രന്‍ കവിതയായിരിക്കും.
ഇതിന്റെ ഇടയ്ക്കു സന്ധ്യ എന്ന പെണ്ണിനെ ക്കുറിച്ചും പറയുന്നുണ്ട് , ഹംസ എന്ന ആണിനെക്കുറിച്ചും പറയുന്നുണ്ട്. അപ്പോള്‍ ഇത് സംഗതി മതേതരത്വം തന്നെ.
ഡിസംബര്‍ എന്ന് പറയുന്നത് ബാബറി മസ്ജിദിനെക്കുറിച്ചായിരിക്കും
എന്തൊക്കെയാണെങ്കിലും ഒരു ലോകോത്തര കവിത തന്നെ.
ജെന്നീസിനെ സമ്മതിക്കണം.

സമര്‍പ്പണം: അവന്റെ തല പൊട്ടിത്തെറിക്കണേ എന്നതിന് പകരം ആ മഹാന്റെ  ശിരസ്സ്‌  പിളര്‍ന്നന്തരിക്കണേ എന്ന് പ്രാര്‍ത്ഥിക്കുന്ന ജഗതിക്ക്, മനുഷ്യന് മനസ്സിലാകാത്ത കുറെ വാക്കുകള്‍ എഴുതി കവിതയാണെന്ന് പറഞ്ഞു ബ്ലോഗിലും ഫെസ്ബൂകിലും പോസ്റ്റ്‌ ചെയ്യുന്ന സുഹൃത്തുക്കള്‍ക്ക്, ഒന്നും മനസ്സിലായില്ലെങ്കിലും അതിനു ലൈക്‌ ചെയ്യുകയും 'അരെ വ, സൂപര്‍' എന്ന് കമന്റ്‌ ഇടുകയുംചെയ്യുന്ന ബാക്കി സുഹൃത്തുക്കള്‍ക്ക്, വേലക്കാരന്‍ ചൊല്ലുന്ന കൂതറ കവിത കേള്‍ക്കാനായി അവനെ നിര്‍ബന്ധിച്ചു കള്ള് കുടിപ്പിക്കുന്ന ജഗതിക്ക്. ഇതിനൊക്കെ പുറമേ, എല്ലാവരും മഹത്തരം എന്ന് പറഞ്ഞ, എനിക്ക് യാതൊന്നും മനസ്സിലാവാത്ത 'മഴനീര്‍ത്തുള്ളികള്‍' (ബ്യുട്ടിഫുള്‍ എന്ന
സിനിമ) എന്ന പാട്ടിനും.

1 comment:

dsad said...

ആരെ വ സൂപ്പ്പര്‍ , കിടിലം . :D